ദൃശ്യ മനോഹാരിത നിറഞ്ഞ പരുന്തുംപാറ | Parunthumpara | Idukki

ഇടുക്കി ജില്ലയിലെ ഒരു പ്രധാന ടൂറിസ്റ്റു പ്രദേശമാണ് പരുന്തുംപാറ. കോടമഞ്ഞും തണുത്ത കാറ്റും കൊണ്ട് നന്നായി ആസ്വദിക്കാൻ പറ്റിയ ഒരു സ്പോട്ട്. പീരുമേട് എന്ന സ്ഥലത്തു നിന്നും 8 കിലോമീറ്റർ ദൂരെയാണ് പരുന്തുംപാറ സ്ഥിതി ചെയ്യുന്നത്. ദൂരെ ദൂരെ ഒന്നിനൊന്നു മുകളിലായി മലനിരകൾ കാണുവാൻ സാധിക്കും. അവയിലൂടെ കോടമഞ്ഞു തഴുകി പോകുന്ന കാഴ്ച്ച ഒന്ന് കാണേണ്ടത് തന്നെയാണ്.

ഒരു ദിവസത്തേക്കു വേണ്ടി ആണെങ്കിലും രാവിലെ ഒരു 11 മണിക്കാണ് ഞങ്ങൾ തിരിച്ചത്. എന്നാൽ വളരെയധികം ആസ്വദിച്ച ഒരു ട്രിപ്പ് ആയി മാറി ഞങ്ങൾക്ക് അത്‌ എന്ന് തന്നെ പറയാം. പൊൻകുന്നം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, പീരുമേട് വഴി പരുന്തുംപാറ. ഹൈ-റേഞ്ചിന്റെ തുടക്കം മുതൽ ആസ്വദിച്ചു പോകാനാവും വിധം കാഴ്ചകളാണ്. ചെറിയ തോതിൽ മഴ ഉണ്ടായിരുന്നെങ്കിലും ചിത്രങ്ങൾ പകർത്തുന്നതിൽ ഒരു കുറവും കാണിച്ചില്ല. 


ഏകദേശം 1 മണി ആയപ്പോൾ ഞങ്ങൾ ചുരം കയറി മുകളിലേക്കടുത്തു. നന്നായി വിശന്നു. വളഞ്ഞങ്ങാനം വെള്ളച്ചാട്ടം കാണാൻ കൊതിച്ചു ചെന്നെങ്കിലും കാണാൻ സാധിച്ചില്ല. മഴ ശക്തി പ്രാപിച്ചാൽ അടുത്ത വരവിൽ കാണാം എന്ന പ്രതീക്ഷയോടെ ഞങ്ങൾ മുൻപോട്ടു നീങ്ങി. അങ്ങിനെ ഏകദേശം 1:45 ന് കുട്ടിക്കാനം എത്തി. അവിടെ കുട്ടനാട് റെസ്റ്റോറന്റിൽ നിന്നു ഭക്ഷണം കഴിച്ചു. കുറച്ചു നേരം അവിടുത്തെ കാഴ്ചകൾ ഒക്കെ കണ്ടു വീണ്ടും ലക്ഷ്യ സ്ഥാനത്തേക്ക് തിരിച്ചു.

അങ്ങിനെ പീരുമേട് വഴി പരുന്തുംപാറയിൽ എത്തി. സമയം 2:30. ഇവിടെ തന്നെയങ്ങു താമസമാക്കിയലോ എന്നു വരെ തോന്നി പോയി. മനസിന്‌ അത്രയേറെ സന്തോഷം നൽകുന്ന സ്ഥലം. കുന്നിന്റെ ഇറക്കം ഇറങ്ങി ചെന്നാൽ അതിമനോഹരമായ കാഴ്ച പ്രകൃതി നിങ്ങൾക്ക് സമ്മാനിക്കും എന്നു ഞങ്ങൾ ഉറപ്പു തരുന്നു. ആ മനോഹാരിതയിൽ എന്റെ കാമറ കണ്ണുകൾ അവ ഒപ്പിയെടുത്തു. ഒരു 3 മണിക്കൂറോളം ഞങ്ങൾ അവിടെ ആസ്വദിച്ചു. അവിടെ മുഴുവൻ കണ്ടു കഴിഞ്ഞു എന്നുറപ്പ് വരുത്തിയിട്ടാണ് ഞങ്ങൾ തിരിച്ചു കയറുന്നത്. പക്ഷെ ഇറക്കം ഇറങ്ങുന്ന അത്ര എളുപ്പമല്ല തിരിച്ചു കയറാൻ. പക്ഷെ അതെല്ലാം ഒരു മറക്കാനാവാത്ത അനുഭവം ആയിരിക്കും.


5 :30 ആയപ്പോൾ ഞങ്ങൾ തണുത്ത കാറ്റിൽ ഒരു ചൂട്‌ ചായയും ലഘു ഭക്ഷണവും കഴിച്ചു. തിരിച്ചു വരുവാൻ നല്ല മടിയായിരുന്നു. എങ്കിലും ഇനിയും വരാമെല്ലോ എന്നോർത്തു പരുന്തുംപാറയിൽ നിന്നും ഓർമ്മകളുമായി  ഇറങ്ങി. വളരെയേറെ വിനോദസഞ്ചാരികൾ അവിടേക്ക് എത്തിച്ചേർന്നിരുന്നു. തിരിച്ചു ചുരമിറങ്ങുന്നത് ബൈക്കിൽ ഒരു പ്രത്യേക അനുഭവം ആണ്. അങ്ങനെ ഞങ്ങളുടെ ഒരു ദിവസത്തെ ട്രിപ്പ് കഴിഞ്ഞു ഞങ്ങൾ തിരികെ എത്തി. ഇപ്പോഴും വീണ്ടും പോകാൻ മനസു പറയുന്നു. അത്രക്ക് നല്ല ട്രിപ്പ് ആയിരുന്നു അത്. നിങ്ങൾ ഒരു യാത്ര ഇഷ്ടപ്പെടുന്ന ആളാണെങ്കിൽ ട്രിപ്പ് എൻജോയ് ചെയ്യുന്ന ആളാണെങ്കിൽ ഉറപ്പായും പരുന്തുംപാറ യിലേക്ക് ഒരു ട്രിപ്പ് പോകണം...!

നന്ദി 

© Book Of Travelogue 

Post a Comment

0 Comments